Mahatma Ayyankali | അയ്യങ്കാളി ജയന്തി
മഹാത്മാ അയ്യങ്കാളി: കേരള നവോത്ഥാന നായകൻ
മഹാത്മാ അയ്യങ്കാളി (1863 ഓഗസ്റ്റ് 28 – 1941 ജൂൺ 18) തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും സാമ്പത്തിക വിദഗ്ധനും നിയമനിർമ്മാതാവും വിപ്ലവ നേതാവുമായിരുന്നു
അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്ജനനവും ബാല്യവും, അന്നത്തെ സാമൂഹിക ചുറ്റുപാടുകളും
1863 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഗ്രാമത്തിലെ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിലാണ് അയ്യങ്കാളി ജനിച്ചത്
അദ്ദേഹത്തിന്റെ പിതാവ് അയ്യനും മാതാവ് മാലയുമായിരുന്നു. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയസമുദായത്തിന് അയ്യൻകാളിയായി മാറി. അക്കാലത്ത് പുലയ-പറയ സമുദായങ്ങളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്ന് പൂർണ്ണമായും ബഹിഷ്കൃതരായിരുന്ന ഈ ജനവിഭാഗം, ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ വേണ്ടി മാത്രമുള്ള ഒരുപകരണമായി കണക്കാക്കപ്പെട്ടുഅയിത്താചാരം കാരണം പൊതുവഴികളിലൂടെ നടക്കാനും, മാന്യമായി വസ്ത്രം ധരിക്കാനും, വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല
പാടത്ത് പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി ഇലയിട്ട് അതിലായിരുന്നു ഇവർക്ക് ഭക്ഷണം നൽകിയിരുന്നത്. രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കാതെ ഗുളികകൾ എറിഞ്ഞുകൊടുക്കുമായിരുന്നു. കൂടാതെ, ജാതിയുടെ അടയാളമായി കല്ലുമാലകൾ കഴുത്തിലണിഞ്ഞ് നടക്കാൻ ഇവർ നിർബന്ധിതരായി. അരയ്ക്ക് മുകളിലും മുട്ടിന് താഴെയും വസ്ത്രം ധരിക്കാൻ പോലും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ട് വേണമായിരുന്നു ധരിക്കാൻ. അടിമക്കച്ചവടത്തിനും ഈ വിഭാഗത്തിൽപ്പെട്ടവർ ഇരകളായിരുന്നു. അയ്യൻകാളിയായിരുന്നു ഈ ഭീകരമായ ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നത്സാമൂഹിക വിപ്ലവത്തിലേക്ക്
ചുറ്റും നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്ന് ആദ്യമായി ഉയർന്ന സ്വരം അയ്യൻകാളിയുടേതായിരുന്നു
മുപ്പതാം വയസ്സിൽ അദ്ദേഹം കിരാത നിയമങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങി. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്ന അദ്ദേഹത്തിന് പിന്നീട് ഏതാനും യുവാക്കൾ പിന്തുണ നൽകി. ജന്മിമാരുടെ തടിമിടുക്കിനെ നേരിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടവുകൾ പരിശീലിപ്പിക്കുകയും തന്റെ കൂടെയുള്ളവരെ ഏറ്റുമുട്ടലുകൾക്ക് സജ്ജമാക്കുകയും ചെയ്തു• ഏറ്റുമുട്ടലുകൾ: അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ ജന്മിമാർ ധിക്കാരമായി കണക്കാക്കി. അദ്ദേഹത്തെയും കൂട്ടരെയും അടിച്ചൊതുക്കാൻ അവർ ശ്രമിച്ചു
1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങിയ അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകൾ നടന്നു. ഈ ഏറ്റുമുട്ടലുകളിൽ തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയിരുന്നെങ്കിലും, സ്വന്തം സമുദായത്തിലും മറ്റ് അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യപുരുഷനായി മാറി• വില്ലുവണ്ടി സമരം (1893):
സഞ്ചാര സ്വാതന്ത്ര്യ നിഷേധമായിരുന്നു അയ്യൻകാളിക്ക് ചെറുപ്പം മുതൽ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വം
1886-ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥികൾ തുറന്നുകൊടുത്തിരുന്നെങ്കിലും സമൂഹം അത് അനുവദിച്ചിരുന്നില്ല. പ്രമാണിമാർ വില്ലുവണ്ടിയിലായിരുന്നു അന്ന് സഞ്ചരിച്ചിരുന്നത്, അവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് പൊതുവീഥിയിലൂടെ സാഹസിക യാത്ര നടത്തി. സവർണ്ണജാതിക്കാർ ഈ യാത്ര തടഞ്ഞപ്പോൾ, അയ്യൻകാളി കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി അവരെ വെല്ലുവിളിച്ചു. അദ്ദേഹത്തെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല, അദ്ദേഹം ആരെയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ ഈ ഒറ്റയാൾ പോരാട്ടം കേരളത്തിന്റെ എക്കാലത്തെയും രാഷ്ട്രീയ ചരിത്രത്തിൽ ധീരോദാത്തമായ സംഭവമായി രേഖപ്പെടുത്തപ്പെട്ടു• കർഷകത്തൊഴിലാളി സമരം (1905):
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യൻകാളിയായിരുന്നു
അധഃസ്ഥിത വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവർണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരെയായിരുന്നു ഈ സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗക്കാർ പണിക്ക് ഇറങ്ങാതിരുന്നു. ഇത് ജന്മിമാരെ പ്രതിസന്ധിയിലാക്കുകയും അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഒടുവിൽ, കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാവുകയും 1905-ൽ സമരം ഒത്തുതീർപ്പാവുകയും ചെയ്തു. ഈ ചരിത്രപ്രസിദ്ധമായ പണിമുടക്ക് സമരമാണ് പിന്നീട് കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിന് ഊർജ്ജം പകർന്നതെന്ന് സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു• സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം / കല്ലുമാല സമരം (1915):
കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയിൽ മുൻപ് ലിംഗഭേദമില്ലായിരുന്നു, അരയ്ക്ക് മുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു
ജാതിപരമായ ഉച്ചനീചത്വം നിലനിന്നിരുന്നതിനാൽ അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്ന് കർശനമായി വിലക്കിയിരുന്നു. കർഷകത്തൊഴിലാളി സമരത്തിൽ നിന്ന് ലഭിച്ച ഊർജ്ജവുമായി അയ്യൻകാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാനും, അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ധിക്കാരമായി കരുതിയ അയിത്താചാരത്തിന്റെ വക്താക്കൾ അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറുകയും അവരെ ഭീകരമായി മർദ്ദിക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനങ്ങൾ അരങ്ങേറിയത്. ഈ കിരാതപ്രവർത്തനങ്ങൾക്കെതിരെ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്ന് പ്രത്യാക്രമണത്തിന് തയ്യാറായി, തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന്, 1915-ൽ കൊല്ലത്തെ പീരങ്കി മൈതാനത്ത് ഒരു മഹാസമ്മേളനം വിളിച്ചുചേർക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിൽ വെച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ ഈ സാമൂഹിക മുന്നേറ്റം 'കല്ലുമാല സമരം' എന്ന പേരിൽ അറിയപ്പെടുന്നു• വിദ്യാഭ്യാസ അവകാശ സമരങ്ങൾ:
വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളായിരുന്നു അയ്യൻകാളിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനം
1904-ൽ വെങ്ങാനൂരിൽ ദളിതർക്കായി അദ്ദേഹം ആദ്യത്തെ പള്ളിക്കൂടം നിർമ്മിച്ചെങ്കിലും സവർണ്ണർ അന്നു രാത്രി തന്നെ അത് തീയിട്ടു നശിപ്പിച്ചു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തിരഞ്ഞെടുത്ത വഴിയായിരുന്നു പിന്നീട് കർഷിക പണിമുടക്ക് സമരമായി മാറിയ കൃഷിഭൂമി തരിശിടൽ സമരം. 1907-ൽ പുലയക്കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. എന്നാൽ, ഉത്തരവുണ്ടായിട്ടും അയിത്തജാതിക്കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഇതിനെത്തുടർന്ന്, 1914-ൽ അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. ഈ ഉത്തരവിന്റെ പിൻബലത്തിൽ, തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടുവയസ്സുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ ബെഞ്ചിൽ കൊണ്ടിരുത്തി. എന്നാൽ, പഞ്ചമി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്നു രാത്രി തന്നെ സവർണ്ണർ തീവെച്ച് നശിപ്പിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്ന ആശയം അയ്യൻകാളിക്ക് തോന്നിയത്. അദ്ദേഹം ഇതിന് പ്രാമുഖ്യം നൽകിക്കൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്ത് മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ൽ അയ്യൻകാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്പ്രജാസഭാ അംഗം 1911 ഡിസംബർ 5-ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പറായി നാമനിർദേശം ചെയ്തു
1912 ഫെബ്രുവരി 27-ന് നടന്ന ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കുകയുമുണ്ടായിഅവസാനകാലം
നാൽപ്പത് വയസ്സു മുതൽ അയ്യൻകാളി കാൻസർ രോഗബാധിതനായിരുന്നു
രോഗബാധയെ അവഗണിച്ച് അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. 1941 ജൂൺ 18-ന് ബുധനാഴ്ച, എഴുപത്തേഴാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹം ഈ ലോകം വിടുമ്പോൾ അധഃസ്ഥിതർക്കും കേരള സമൂഹത്തിനും വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുൻഗാമിയായാണ് അയ്യൻകാളി അറിയപ്പെടുന്നത്സ്മാരകങ്ങൾ
തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിൽ സ്മാരകവും സ്കൂളും നിലവിലുണ്ട്
2002 ഓഗസ്റ്റ് 12-ന് തപാൽ സ്റ്റാമ്പിൽ അയ്യൻകാളിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെ വി.ജെ.ടി (വിക്ടോറിയ ജൂബിലി ടൗൺ) ഹാൾ 2019 ഓഗസ്റ്റ് 28-ന് അയ്യങ്കാളി ഹാൾ എന്ന് പേരുമാറ്റി. 1980 നവംബറിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കവടിയാറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തുഅയ്യങ്കാളി ഉപജാതികൾക്ക് അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്ന ആശയങ്ങളെ പ്രധാനമായി കണ്ടു
അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും അശ്രാന്തവുമായ പരിശ്രമങ്ങൾ ദളിതരുടെ ജീവിതത്തെ മാറ്റിമറിച്ചു
Comments